ഗോപിക ബാബു
കൊമേഴ്‌സ്, ഒന്നാം വർഷം
താഴെത്തൊടിയുടെ മൂലയിലായൊരുകൊമേഴ്സ്, ഒന്നാം വർഷം
കർപ്പൂരമാവന്നു നിന്നിരുന്നു,
വേനലിൻ ചൂടിലും ഞങ്ങളാ മാവിന്റെ
ഛായയിൽ വിശ്രമം കൊണ്ടിരുന്നു.
തോഴരാം ഞങ്ങൾക്കു കൈ നിറയെ
നല്ല കുഞ്ഞുണ്ണി മാങ്ങകൾ തന്നിരുന്നു.
മാങ്ങാ വളരുവാനോരോ ദിവസവും
കൌതുകത്തോടെ ഞാൻ കാത്തിരുന്നു.
മാസങ്ങളോരോന്നായോടിമായുന്നത-
ങ്ങാഹ്ലാദത്തോടെ ഞാൻ കണ്ടു നിന്നു.
മാങ്ങാ പഴുത്തു കനിഞ്ഞെന്ന വാർത്ത
ഒരണ്ണാറക്കണ്ണനാൽ ഞാനറിഞ്ഞു.
തേനൂറും മാമ്പഴം കാർന്നവനെന്നോടു
കിന്നാരം ചൊല്ലുവാൻ വന്നിരുന്നു.
തേനൂറും മാമ്പഴം മെല്ലെ നുകരുവാൻ
എന്നിളം നാവു കൊതിച്ചിരുന്നു.
ഒരു നല്ല മാമ്പഴം വീഴ്ത്തണേ എന്നു ഞാൻ
കുഞ്ഞിളം കാറ്റോടു കേണിരുന്നു.
അതു കേൾക്കെ കുസൃതിയിൽ കർപ്പൂരമാവു തൻ
ചില്ലകൾ മെല്ലെയുലച്ചിരുന്നു.
സന്തോഷചിത്തയായ് മാങ്ങാ പെറുക്കുമ്പോൾ
എന്നുള്ളമെന്നും കൊതിച്ചിരുന്നു.
ഒരു നല്ല കർപ്പൂരമാവായി മാറുവാൻ
തണലും മാധുര്യവും നൽകീടുവാൻ;
കിളികൾക്കുമണ്ണാറക്കണ്ണന്മാർക്കും നല്ല
വീടൊരുക്കാൻ ഭക്ഷണം നൽകുവാൻ,
ലോകത്തിനായ് നല്ല കാര്യങ്ങൾ ചെയ്തെന്റെ
ജന്മം സഫലമായ് തീർത്തീടുവാൻ.